
കൊച്ചി: പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിലായി. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
കൊച്ചിയിൽ നടത്തിയ റെയ്ഡിൽ 6.03 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി മുഹഷീബിനെയും തൃശൂർ സ്വദേശി ആഷിക തൻവീറിനെയും എക്സൈസ് സംഘം പിടികൂടി. പെരുമ്പാവൂരിൽ പരസ്യമായി ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് അസം സ്വദേശിനി നജ്മ ബീഗത്തെയും അറസ്റ്റ് ചെയ്തു. ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, മലപ്പുറത്ത് ലഹരിക്കേസിൽ അറസ്റ്റിലായ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ടത്.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ, വഴിയിലുണ്ടായിരുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ അനുവദിച്ച സമയത്താണ് സംഭവം. ഒരു കൈയിലെ വിലങ്ങ് അഴിച്ചുനൽകിയതോടെ അമീർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസ് പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. നിരവധി കേസുകളിൽ പ്രതിയായ അമീറിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.










